This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്റ്റി, അഗഥാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്റ്റി, അഗഥാ

Christie, Agatha (1890 -1976)

അഗഥാ ക്രിസ്റ്റി

ബ്രിട്ടീഷ് അപസര്‍പ്പക നോവലിസ്റ്റ്. മേരി വെസ്റ്റ്മാകോട്ട് എന്നതായിരുന്നു തൂലികാനാമം. 1890 സെപ് 15-നു ഡെവണിലെ ടോര്‍ക്വേയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരിസില്‍ സംഗീതവും പിയാനോയും അഭ്യസിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ടൊര്‍ക്കിയിലെ റെഡ് ക്രോസ് ആശുപത്രിയിലും രണ്ടാം ലോകയുദ്ധകാലത്ത് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിലും നഴ്സായി സേവനമനുഷ്ഠിച്ചു. നഴ്സായി ജോലിനോക്കുമ്പോള്‍ വിഷവസ്തുക്കളെക്കുറിച്ചു നേടിയ അറിവ് പില്ക്കാലത്ത് അപസര്‍പ്പക നോവല്‍ രചനയില്‍ ഇവര്‍ പ്രയോജനപ്പെടുത്തി.

കവിത, നാടകം, നോവല്‍, കഥകള്‍ എന്നീ ശാഖകളില്‍ അഗഥാ രചന നടത്തിയിരുന്നു. ദ് റോഡ് ഒഫ് ഡ്രീംസ് (1925), പോയംസ് (1973) എന്നിവയാണ് കാവ്യ സമാഹാരങ്ങള്‍. 16 നാടകങ്ങളില്‍ മിക്കവയും ജനപ്രീതി നേടിയവയാണ്. ദ് മൗസ് ട്രാപ്പ് (1952) എന്ന നാടകമാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. കഥകള്‍ മിക്കവയും കുറ്റാന്വേഷണ സ്വഭാവം പുലര്‍ത്തുന്നവയാണ്. കം ടെല്‍ മീ ഹൗ യു ലീവ് (1946) എന്നത് സഞ്ചാര സാഹിത്യകൃതിയാണ്.

ദ് മിസ്റ്റീരീയസ് അഫയര്‍ അറ്റ് സ്റ്റൈല്‍സ് (1920) ആണ് അഗഥായുടെ ആദ്യത്തെ കുറ്റാന്വേഷണ നോവല്‍. ദ് മാര്‍ഡര്‍ ഒഫ് റോജര്‍ ആക്റോയ്ഡ് (1926), ദ് മിസ്റ്ററി ഒഫ് ദ് ബ്ളൂ ട്രെയിന്‍ (1928), മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസ് (1934), ദി എ.ബി.സി. മര്‍ഡേഴ്സ് (1935), ഡമ്പ് വിറ്റ്നസ് (1937), ഡെത്ത് ഓണ്‍ ദ് നൈല്‍ (1937) ടെന്‍ ലിറ്റില്‍ നിഗേഴ്സ് (1939) എന്നിവ പ്രധാനപ്പെട്ട കൃതികളിലുള്‍പ്പെടുന്നു. ദ് സെവന്‍ ഡയല്‍സ് മിസ്റ്ററി (1929) തുടങ്ങിയ ആദ്യകാല നോവലുകള്‍ സംഭ്രമജനകങ്ങളാണ്. പില്‍ക്കാല കൃതികളില്‍ പലതും യുദ്ധാനന്തര ബ്രിട്ടീഷ് ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ്. ഇതിവൃത്തരൂപവത്കരണത്തിലും സസ്പെന്‍സ് നിലനിര്‍ത്തുന്നതിലും നോവലിസ്റ്റിനുള്ള വൈദഗ്ധ്യം ഇവയില്‍ പ്രകടമാണ്. എര്‍ ക്യൂല്‍ പ്യാറോ, മിസ്ജയിന്‍ മാര്‍പ്പിള്‍, പാര്‍ക്കര്‍ പയ്ന്‍, ടോമി ആന്‍ഡ് ടപ്പന്‍സ്, ഹാര്‍ലിക്വിന്‍ എന്നിവരാണ് അഗഥായുടെ കുറ്റാന്വേഷണ കഥാപാത്രങ്ങള്‍. സ്പാര്‍ക്ലിങ് സയനൈഡ് (1945), കരീബിയന്‍ മിസ്റ്ററി (1964), നെമെസിസ് (1971) എന്നിവയാണ് പില്‍ക്കാലനോവലുകളില്‍ മുഖ്യം.

എക്സീറ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഡി.ലിറ്റ് ലഭിച്ചതിനുപുറമേ, 'റോയല്‍ സൊസൈറ്റി ഒഫ് ലിറ്റ്റേച്ചറി'ന്റെ ഫെല്ലോഷിപ്, 'ഓര്‍ഡര്‍ ഒഫ് ദ് ബ്രിട്ടണ്‍ എമ്പയര്‍' തുടങ്ങി നിരവധി ബഹുമതികളും പുരസ്കാരങ്ങളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്, 1976 ജനു. 12-ന് ലണ്ടനില്‍ അഗഥാ അന്തരിച്ചു. അഗഥായുടെ ജീവചരിത്രമായ ആന്‍ ഓട്ടോബയോഗ്രഫി 1977-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍